തിരുവനന്തപുരം: വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങി. സ്ഥാപനത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിച്ചു.
യന്ത്രസംവിധാനങ്ങൾ തകരാറിലായതിനെത്തുടർന്ന് പഴവർഗ സംസ്കരണത്തിനും പൾപ് ഉത്പാദനത്തിനുമായുള്ള പ്ലാന്റും പൾപ്പിൽനിന്ന് ജ്യൂസ് നിർമിക്കുന്ന ടെട്രാ പാക്ക് പ്ലാന്റും പ്രവർത്തനരഹിതമായിരുന്നു. ഇതോടെ ഉത്പാദനം നിലച്ചു സാമ്പത്തിക പ്രതിസന്ധിയിലായി.
ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളവും വേതനവും നൽകുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തി രണ്ടു കോടിയുടെ സഹായം അനുവദിച്ചത്.